Headlines

വിവാദങ്ങൾക്കിടെ മയില്‍പ്പീലി യങ് സ്‌കോളര്‍ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മയില്‍പ്പീലി യങ് സ്‌കോളര്‍ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് ഓൺലൈനായി നടക്കും. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ അനുമതി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി അനുമതിയോടെയാണ് ദേശീയ അധ്യാപക പരിഷത്ത് പരീക്ഷ നടത്തുന്നത്. രാവിലെ 10 മുതൽ 11 മണിവരെയാണ് പരീക്ഷ.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി ഉപജില്ലാ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,610 കുട്ടികളാണ് ഇന്ന് ജില്ലാതല പരീക്ഷ എഴുതുക. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സംസ്ഥാനത്തെ 5,216 സ്‌കൂളുകളില്‍ നിന്നായി നാലര ലക്ഷം കുട്ടികളാണ് ആദ്യഘട്ട പരീക്ഷയില്‍ പങ്കെടുത്തത്. പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി ഇല്ലാത്തതിനാൽ കോടതിയുടെ അടുത്ത ഉത്തരവ് വരെ കാത്തിരിക്കണം. ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപീലിയും, അധ്യാപക സംഘടനയായ NTU വും സംയുക്തമായാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്.