ഡല്‍ഹി: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും കേന്ദ്രത്തിനും എതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍വീസില്‍ ഇരുന്നപ്പോള്‍ ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ ഉപയോഗിച്ചു. ഇന്ന് മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ ‘അമ്പയര്‍’ ആക്കി. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഒത്തുകളിക്കാന്‍ ഗ്യാനേഷിനെ ചുമതലപ്പെടുത്തി എന്നും രാഹുലിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു. കേരളം കോണ്‍ഗ്രസ് ഘടകത്തിന്റെ പോസ്റ്റ് പങ്കുവെച്ച് ആയിരുന്നു വിമര്‍ശനം. (Gyanesh Kumar was used to recruit for the BJP; Rahul Gandhi)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നത രൂക്ഷമായതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. 2016ല്‍ താന്‍ ചീഫ് സെക്രട്ടറി ആയിരിക്കെ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ ആയിരുന്നു ഗ്യാനേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് വാചാലനായ അദ്ദേഹം 2019ലെ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാമോ എന്നും ചോദിച്ചു. എന്നാല്‍ താന്‍ സ്നേഹത്തോടെ അത് നിരസിച്ചു എന്നുമാണ് ജിജി തോംസണ്‍ പറഞ്ഞു വെക്കുന്നത്. ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു.
കേരള കേഡര്‍ ഐഎഎസ് ഓഫീസറായിരിക്കെ വിവിധ വകുപ്പുകളില്‍ ഗ്യാനേഷ് കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025ലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ഗ്യാനേഷ് കുമാര്‍ നിയമിതനാകുന്നത്. പിന്നാലെ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളില്‍ അദ്ദേഹത്തിന് എതിരെ ഉയര്‍ന്നുവന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ വിജയിപ്പിക്കുന്നതിനായി വോട്ടര്‍ പട്ടികയില്‍ തിരുമറി നടത്തിയെന്നാണ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഗ്യാനേഷ് കുമാറിനെതിരെ ആരോപണമുന്നയിക്കുന്നത്.









