Headlines

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം

ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തില്‍ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.

ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഗാന്ധിജി, അവിടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടി. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചമ്പാരന്‍ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ, ഒരു തുള്ളി രക്തം പോലും ചിന്താതെ, സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കാനാകുമെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു.

ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന പല അനാചാരങ്ങള്‍ക്കെതിരെയും ഗാന്ധിജി ശക്തമായ നിലപാട് സ്വീകരിച്ചു. വിഭജനത്തിന്റെ മുറിവുകളുണക്കാന്‍ ശാന്തിദൂതുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല തുടങ്ങിയ മഹാരഥന്മാരെ സ്വാധീനിച്ചത് ഗാന്ധിയന്‍ ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രസക്തിയേറി വരുന്ന കാലത്താണ് മറ്റൊരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.