Headlines

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വയനാടിന് 260 കോടി രൂപയുടെ കേന്ദ്രസഹായം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത അധികാര സമിതിയാണ് തുക അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

കേരളം പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രാന്റ് കേരളത്തിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്രം പണം അനുവദിച്ചില്ലായിരുന്നു. പകരം പലിശ രഹിത വായ്പയാണ് അനുവദിച്ചത്. ഇത് മതിയാകില്ലെന്ന് കേന്ദ്രത്തെ കേരളം അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഉള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട കേസുകളുണ്ട്.

നാളുകള്‍ക്ക് ശേഷമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വയനാടിന് അനുകൂലമായ നടപടി ഉണ്ടായത്. കേരളത്തിനുള്‍പ്പടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. 4645 കോടി രൂപയാണ് ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത്.

2022 ലെ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ സംഭവത്തിനും 2024 ലെ വയനാട് മണ്ണിടിച്ചിലും മൂലമുണ്ടായ പുനരുദ്ധാരണ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിക്കുമായാണ് കേരള സംസ്ഥാനത്തിന് 260.56 കോടി രൂപ അനുവദിച്ചത്.