Headlines

പയ്യന്നൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂര്‍: പയ്യന്നൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്. ഇന്ന് രാത്രിയോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കെപിസിസി നല്‍കിയ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വ്യാപകമായി ഇരട്ട വോട്ട് ചേര്‍ത്തെന്നും പരാതിയില്‍ പറയുന്നുണ്ട്.പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നുണ്ടെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത് സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണ് എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. പരാജയഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.’കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്യുന്നതുപോലും ഭയപ്പെടുകയാണ് സിപിഐഎം. ലോ ലെവല്‍ അറ്റാക്കുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നു. ജി സുധാകരനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ആര്‍ക്കുവേണ്ടിയാണ് പ്രസംഗം നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ജി സുധാകരനെ പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നത് നന്നായിരിക്കും’ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം മാലിന്യ കൊട്ടയിലാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.