നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതെന്നും പ്രതികരിച്ചു. 149-ാത് മന്നം ജയന്തിയോടനുബന്ധിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് വന്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്. മന്നം സമാധി പ്രമുഖര്‍ സന്ദര്‍ശിച്ചു.
ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ എന്‍എസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ശബരിമല വിഷയം വിശദമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. ശബരിമലയില്‍ നിലവിലെ സര്‍ക്കാര്‍ നിലപാട് മാറ്റിയത് ജനവികാരം മാനിച്ചാണ്. ഇപ്പോള്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം ഒരുക്കുന്നു. ഈ നിലപാട് മാറ്റത്തില്‍ വിശ്വാസികള്‍ സന്തോഷിക്കുന്നുണ്ടെന്ന് സുകുമാരന്‍ നായര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ കവര്‍ച്ചക്കേസിലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല. രാഷ്ട്രീയ താല്പര്യങ്ങള് വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങള്‍ തെറ്റാണെന്നും വിഷയത്തില്‍ എന്‍എസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് ശബരിമലയുടെ വികസനം മുന്‍നിര്‍ത്തിയാണ്. എന്നാല്‍, അതിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പ് ഉണ്ടായി. എന്‍എസ്എസിനെ രാഷ്ട്രീയമില്ല അതിലുള്ള അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആരുടെയും മുന്നില്‍ തലകുനിക്കില്ല പ്രകൃതി സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
‘നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം; ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രം’; ജി സുകുമാരന്‍ നായര്‍







