കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വലിയ ആശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും, ആരൊക്കെ പുറത്തുപോവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്പത് ശതമാനം പുതുമുഖങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെന്നാണ് വി ഡി സതീശന്‍ നല്‍കുന്ന സൂചനകള്‍.നിലവിലുള്ള എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാരേയും ഇത്തവണ മത്സരിപ്പിക്കുന്നതിനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിനെ മാറ്റി നിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. 2021 ല്‍ എല്‍ ഡി എഫ് തരംഗത്തിലും ജയിച്ചുകയറിയ എല്ലാ എം എല്‍ എമാര്‍ക്കും ഇത്തവണ സീറ്റു നല്‍കണമെന്ന് എല്ലാ വിഭാഗം നേതാക്കളും ഒരുപോലെ സ്വീകരിച്ച നിലപാടാണ്. എന്നാല്‍ ലൈംഗിക പീഡന പരാതിയില്‍ അകപ്പെട്ട പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമല്ല. രാഹുലിന് പാലക്കാട് സീറ്റുനല്‍കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. നിലവില്‍ രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയതിനാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രാഹുലിന് സീറ്റ് നല്‍കരുതെന്ന് പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു. പെരുന്നയില്‍ നടന്ന മന്നം ജയന്തിയില്‍ പങ്കെടുക്കാനെത്തിയ രാഹുലും പി ജെ കുര്യനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കുര്യന്‍ നിലപാട് മയപ്പെടുത്തിയെങ്കിലും രമേശ് ചെന്നിത്തലയും വി ഡി സതീശനും നിലപാട് കടുപ്പിച്ചാല്‍ രാഹുല്‍ പുറത്താവും. പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരേയും നേരത്തെ ലൈംഗിക പീഡന പരാതി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെരുമ്പാവൂരില്‍ സ്വീകാര്യനായൊരു സ്ഥാനാർഥിയെ കണ്ടെത്തണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
സിറ്റിംഗ് എം പി മാരെയും മത്സരരംഗത്തു നിന്നും മാറ്റി നിര്‍ത്തണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. മുന്‍ കെ പി സി സി അധ്യക്ഷനും കണ്ണൂര്‍ എം പിയുമായ കെ സുധാകരനെ മുന്‍നിര്‍ത്തി കണ്ണൂര്‍ അസംബ്ലി മണ്ഡലം പിടിക്കാനുള്ള നീക്കവും പരിഗണനയിലുണ്ട്. അങ്ങിനെയെങ്കില്‍ കെ സുധാകരന് മാത്രം ഇളവ് നല്‍കിയേക്കും. കൊടിക്കുന്നില്‍ സുരേഷ്, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങി ആറോളം എം പി മാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തുനിന്നും അവസാനം മാറ്റി നിര്‍ത്തപ്പെട്ട ദീപ്തി മേരി വര്‍ഗീസ് എ ഐ സി സി നേതാക്കളെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ദീപ്തിയുടെ പരാതിയില്‍ ഹൈക്കമാന്റ് അനുകൂല നിലപാട് സ്വീകരിച്ചാല്‍ ദീപ്തിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും. ദീപ്തി മേരി വര്‍ഗീസിനെ പെരുമ്പാവൂരില്‍ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മുന്‍ കെ പി സി സി അധ്യക്ഷന്മാരായ കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മത്സരരംഗത്തുണ്ടാവും. എം എം ഹസന് സീറ്റു ലഭിക്കുന്നകാര്യത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഇതിനിടയില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കണമെന്നാണ് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം. പുതുമുഖങ്ങള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളെയും പരിഗണിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. എന്നാല്‍ നാല് തവണ കണ്ണൂരില്‍ നിന്നും രണ്ട് തവണ വടകരയില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രി പദം രണ്ടുതവണ അലങ്കരിച്ച മുല്ലപ്പള്ളിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതില്‍ എല്ലാ വിഭാഗം നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. പുതുമുഖങ്ങള്‍ ആരൊക്കെയാണെന്ന് ഉടന്‍ തീരുമാനിച്ച് മണ്ഡലത്തില്‍ സജീവമാക്കാനാണ് കെ പി സി സിയുടെ നീക്കം.






