Headlines

ചെടിച്ചട്ടിക്ക് കൈക്കൂലി!; തൃശൂരിൽ കളിമൺ കോർപ്പറേഷൻ ചെയർമാൻ പിടിയിൽ

തൃശൂരിൽ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ. എൻ. വിജിലൻസിന്റെ പിടിയിൽ. ഒരു മൺപാത്രത്തിന് മൂന്നു രൂപ വീതം 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി, സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം പ്രവർത്തകനുമാണ്.

പരാതിക്കാരനായ ചിറ്റശ്ശേരി സ്വദേശി വൈശാഖനെയും തൃശൂർ വിജിലൻസ് സംഘത്തെയും ഉൾപ്പെടുത്തി അതിവിദഗ്ധമായാണ് കുട്ടമണിയെ വലയിലാക്കിയത്. കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ എന്ന പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെടുന്നത് കുട്ടമണിയുടെ പതിവാണെന്നും ആരോപണമുണ്ട്.

5372 കളിമൺ പാത്രങ്ങൾ ഇറക്കുന്നതിന്, ഓരോ പാത്രത്തിനും മൂന്നു രൂപ വീതം കമ്മീഷൻ വേണമെന്നായിരുന്നു കുട്ടമണിയുടെ ആവശ്യം. ഒരു ചെടിച്ചട്ടിക്ക് 95 രൂപ എന്നാണ് വില കണക്കാക്കിയിരുന്നത്. വളാഞ്ചേരി കൃഷിഭവനു കീഴിൽ വിതരണം ചെയ്യാനിരിക്കെയാണ് ഈ ഇടപാട് നടന്നത്. തൃശ്ശൂർ ചിറ്റശ്ശേരിയിലെ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമ വൈശാഖനോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

ആദ്യ ഗഡുവായി 10,000 രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ കൈപ്പറ്റുന്നതിനിടെ, വിജിലൻസ് കുട്ടമണിയെ പിടികൂടി. സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനുമായ കുട്ടമണിക്കെതിരെ, പരമ്പരാഗത കളിമൺ പാത്ര തൊഴിലാളികളിൽ നിന്ന് നിരവധി പരാതികളാണ് പാർട്ടിക്കു മുമ്പും എത്തിയിട്ടുള്ളത്. കുട്ടമണിയുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി.