ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഭരണഘടനയ്ക്ക് ഏല്‍ക്കുന്ന ഗുരുതരമായ മുറിവെന്നും അവഹേളനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭാരതമാതവിന്റെ പേരില്‍ ഹിന്ദു ദേവതയുടെ ചിത്രം നായണയത്തില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമെന്നും വിമര്‍ശനമുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണിക്കുന്ന തപാല്‍ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും സിപിഐഎം പറയുന്നു. ഇന്ത്യ – ചൈന യുദ്ധ സമയത്ത് കാണിച്ച ദേശസ്‌നേഹത്തിനുള്ള അംഗീകാരമായി 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ നെഹ്‌റു ആര്‍എസ്എസിനെ ക്ഷണിച്ചു എന്നുള്ളത് നുണയാണ്. 1963 ലെ റിപ്പബ്ലിക് ദിന പരേഡ് ഒരു ലക്ഷത്തിലധികം പൗരന്മാരുടെ ഒരു വലിയ സമ്മേളനമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിഫോം ധരിച്ച ആര്‍എസ്എസ് വളണ്ടിയര്‍മാരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും അപ്രധാനവുമാണ് – പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് അകന്നു നില്‍ക്കുക മാത്രമല്ല, കൊളോണിയല്‍ ഭരണത്തിന് എതിരായ പോരാട്ടത്തില്‍ നിര്‍ണായകമായിരുന്ന ജനങ്ങള്‍ക്കിടയിലെ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ ശക്തിപ്പെടുത്തുകയും ചെയ്ത ആര്‍എസ്എസിനെ വെള്ളപൂശാനുള്ള നാണംകെട്ട നീക്കമാണ് നടത്തിയതെന്നും സിപിഐഎം കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഗീയ കലാപങ്ങളില്‍ ആര്‍എസ്എസിനുള്ള പങ്ക് നിരവധി ഔദ്യോഗിക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിട്ടുണ്ടെന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മനുവാദി പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരണത്തിലൂടെ ന്യൂനപക്ഷ സമുദായങ്ങളെയും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെയുമാണ് ആര്‍എസ്എസും അവരുടെ പരിവാര്‍ സംഘടനകളും ഇന്ന് ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ ഈ യഥാര്‍ഥ ചരിത്രമാണ് – സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.