വാളയാർ കൈക്കൂലി; കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്തു: മന്ത്രി ആന്റണി രാജു

 

ആലപ്പുഴ: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി ആന്റണി രാജു. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അഴിമതിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. ചെക്ക് പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വികസന വിരോധികളാണെന്ന് ആന്റണി രാജു വിമര്‍ശിച്ചു. 2011ൽ യുഡിഎഫും കെ റെയിൽ വാദ്ഗാനം നൽകിയിരുന്നു. ബിജെപിയിൽ നിൽക്കുന്ന ഇ ശ്രീധരനും യുഡിഎഫും അന്ന് പദ്ധതി അംഗീകരിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. തമിഴ്നാട്-കേരളാ അതിര്‍ത്തിയായ വാളയാറിലെ ആര്‍ടിഒ ചെക്പോസ്റ്റിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു.

പാരിതോഷികമായി പച്ചക്കറികളും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലൻസ് സംഘം വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആർടിഒ ഓഫീസിൽ സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്.