Headlines

തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്; വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇന്ന് തുടക്കം

തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്. വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇന്ന് കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലയില്‍ ജാഥ നയിക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. തെക്കന്‍ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യ മേഖല ജാഥ ജോസ് കെ മാണിയും നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും. വടക്കന്‍ മേഖല ജാഥയുടെ സമാപനം ഫെബ്രുവരി 16ന് പാലക്കാട് തരൂരിലാണ്. (LDF’s northern region march begins today).കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. കെ എസ് സലീഖ, പി സന്തോഷ് കുമാര്‍ എംപി, മാത്യു കുന്നപ്പള്ളി, പി പി ദിവാകരന്‍, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ. എ ജെ ജോസഫ്, കാസിം ഇരിക്കൂര്‍, അഡ്വ. നൈസ് മാത്യു എന്നിവരാണ് അംഗങ്ങള്‍.ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുന്നതിനിടെ ആണ് ഇടതുമുന്നണിയുടെ ജാഥയ്ക്ക് തുടക്കമാകുന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആശയങ്ങളും പങ്കുവയ്ക്കാനാണ് എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥകള്‍ നടത്തുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടി ജനുവരി 22നാണ് സമാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന്, ജനങ്ങളില്‍ പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനായിരുന്നു ഒരാഴ്ച നീണ്ട ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി മുതലുള്ള പ്രധാന നേതാക്കള്‍ വീടുകളില്‍ എത്തി ജനങ്ങളെ കേട്ടു. ഗ്രാമീണ മേഖലകളില്‍ മിക്കവാറും വീടുകളില്‍ എത്താന്‍ ആയിട്ടുണ്ടെങ്കിലും നഗരമേഖലകളില്‍ പരിപാടി വിജയമായിട്ടില്ല. തോല്‍ക്കുമ്പോള്‍ മാത്രമല്ല കൃത്യമായ ഇടവേളകളില്‍ ജനങ്ങളിലേക്ക് എത്തണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.