ഐ.പി.എല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ്മ ബുധനാഴ്ച ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഓസ്‌ട്രേലിയയിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായതോടെയാണ് താരം ടീമിനൊപ്പം ചേരുന്നത്. ജനുവരി ഏഴിന് സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനായി ബുധനാഴ്ച ഇന്ത്യന്‍ ടീം മെല്‍ബണില്‍ നിന്ന് പുറപ്പെടും.
രോഹിത് മൂന്നാം ടെസ്റ്റിന് ഇറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് പകരമോ ഹനുമാന്‍ വിഹാരിക്ക് പകരമോ രോഹിത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഐ.പി.എല്ലിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ഏകദിന ടി20 മത്സരങ്ങളില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരുന്നു. ഫിറ്റ്നസ് തെളിയിച്ചാല്‍ കളിക്കാമെന്ന നിബന്ധനയില്‍ രോഹിത്തിന് ടെസ്റ്റ് ടീമില്‍ ഇടം നല്‍കുകയിരുന്നു. ഡിസംബര്‍ 11-ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ രോഹിത് സിഡ്‌നിയ്ക്ക് പറന്നിരുന്നു.
ഇന്ത്യക്കുവേണ്ടി 32 ടെസ്റ്റില്‍ നിന്ന് 46.54 ശരാശരിയില്‍ 2141 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്. ഇതില്‍ 6 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പേസര്‍മാര്‍ കരുത്ത് കാട്ടുന്ന സിഡ്നിയില്‍ രോഹിത് പ്ലേയിംഗ് ഇലവനിലേക്ക് എത്തുമോയെന്ന് കണ്ടുതന്നെ അറിയണം