ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റൺസിന് പരാജയപ്പെടുത്തി ബാംഗ്ലൂർ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഡൽഹിയുടെ പോരാട്ടം 170 റൺസിലൊതുങ്ങി
അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാനായി വേണ്ടത് 14 റൺസായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിൽ നേടാനായത് 12 റൺസും. അവസാന രണ്ടു പന്തുകളിൽ ബൗണ്ടറി നേടിയെങ്കിലും വിജയത്തിലേക്ക് അതു തികയുമായിരുന്നില്ല.
ഷിംറോൺ ഹേറ്റ്‌മെയറുടെ വെടിക്കെട്ടാണ് ഡൽഹിയെ വിജയത്തിന് അരികിൽ വരെ എത്തിച്ചത്. 25 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും സഹിതം ഹേറ്റ്‌മെയർ അടിച്ചുകൂട്ടിയത് 53 റൺസ്. നായകൻ റിഷഭ് പന്ത് 58 റൺസുമായി പുറത്താകാതെ നിന്നു
നേരത്തെ ഡിവില്ലിയേഴ്‌സിന്റെ മികവിലാണ് ആർ സി ബി 171ലെത്തിയത്. ഡിവില്ലിയേഴ്‌സ് 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്നു.