ഞായർ വെടിക്കെട്ടുമായി ഡിവില്ലിയേഴ്‌സും മാക്‌സ്വെല്ലും; ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ

 

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചതെങ്കിലും പിന്നീട് മാക്‌സ് വെല്ലും, അവസാന ഓവറുകളിൽ ഡിവില്ലിയേഴ്‌സും നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ തുണച്ചത്.

സ്‌കോർ 9ൽ എത്തുമ്പോഴേക്കും വിരാട് കോഹ്ലിയെയും രജത് പാടിദാറിനെയും ബാംഗ്ലൂരിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദേവ്ദത്ത് പടിക്കലും മാക്‌സ് വെല്ലും ചേർന്ന് സ്‌കോർ ഉയർത്തി. 25 റൺസെടുത്ത ദേവ്ദത്ത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സും മാരക ഫോമിലായിരുന്നു.

മാക്‌സ് വെൽ 49 പന്തിൽ മൂന്ന് ഫോറും ഒമ്പത് സിക്‌സും സഹിതം 78 റൺസെടുത്തു. ഡിവില്ലിയേഴ്‌സ് 34 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതം 76 റൺസുമായി പുറത്താകാതെ നിന്നു. കെയ്ൽ ജാമീസൺ 11 റൺസുമായി പുറത്താകാതെ നിന്നു. അവസാന അഞ്ചോവറിൽ ബാംഗ്ലൂർ അടിച്ചുകൂട്ടിയത് 70 റൺസാണ്. ഇതിൽ 20 റൺസും ഇരുപതാം ഓവറിലായിരുന്നു.