കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആശുപത്രികൾക്ക് സംഭാവന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. തൻ്റെ ഏജൻ്റ് ജോർജ് മെൻഡസിനൊപ്പമാണ് ക്രിസ്റ്റ്യാനോ സംഭാവന നൽകിയത്.
ഇവർക്കൊപ്പം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന പോർച്ചുഗലിലെ ആശുപത്രികൾക്കാണ് ക്രിസ്റ്റ്യാനോയും മെൻഡസും സഹായം നൽകിയത്. ആശുപത്രിയിലെ രണ്ട് കൊവിഡ് 19 വാർഡുകൾക്ക് വേണ്ട സാധനങ്ങൾ ഇവർ നൽകി. ഒരു മില്ല്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് ഇവർ ആശുപത്രികൾക്ക് സംഭാവന ചെയ്തത്.
ലിസ്ബണിലെ സാൻ്റ മരിയ ആശുപത്രിയിൽ 10 ബെഡുകളും വെൻ്റിലേറ്ററുകളും സഹിതം രണ്ട് വാർഡുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവർ നൽകി. പോർട്ടോയിലെ സാൻ്റോ അൻ്റോണിയോ ആശുപത്രിയിൽ 15 ബെഡുകളും വെൻ്റിലേറ്ററുകളും മറ്റ് അനുബന്ധ സാധനങ്ങളും അവർ നൽകി.
ലയണൽ മെസി ബാഴ്സലോണയിലെ ഹോസ്പിറ്റൽ ക്ലിനിക്ക് എന്ന ആശുപത്രിക്ക് ഒരു മില്ല്യൺ യൂറോ സംഭാവനയായി നൽകി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അവർ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തുക ബാഴ്സലോണയിലെ ആശുപത്രിക്കും അർജൻ്റീനയിലെ തൻ്റെ ജന്മനാട്ടിലുള്ള ഒരു ആശുപത്രിക്കുമായി പങ്കിട്ടു നൽകുമെന്നും സൂചനയുണ്ട്. ഗ്വാർഡിയോളയും ഒരു മില്ല്യൺ യൂറോയാണ് സംഭാവനയായി നൽകിയത്. സ്പെയിനിലെ ഏഞ്ചൽ സോലെർ ഡാനിയൽ ഫൗണ്ടേഷനു വേണ്ടിയാണ് ഗ്വാർഡിയോളയുടെ സംഭാവന.