ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്കായി ഇഷാന്‍ കിഷനും (89) ശ്രേയസ് അയ്യരും (57*) രോഹിത് ശര്‍മയും (44) ബാറ്റിങ്ങില്‍ തിളങ്ങി. മറുപടിക്കിറങ്ങിയ സന്ദര്‍ശക നിരയില്‍ ചരിത് അസലന്‍ക (53*) മാത്രമാണ് തിളങ്ങിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുസ് വേന്ദ്ര ചഹാലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും പങ്കിട്ടു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മയും (44) ഇഷാന്‍ കിഷനും (89) തുടക്കം മുതല്‍ തല്ലിത്തകര്‍ത്തതോടെ ഇന്ത്യക്ക് മികച്ച അടിത്തറ ലഭിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മോശം ഫോമിലായിരുന്ന ഇഷാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 111 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇഷാനും രോഹിത്തും തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടു.
32 പന്തുകള്‍ നേരിട്ട് രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. ലഹിരു കുമാര രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രോഹിത് പുറത്തായപ്പോഴും വെടിക്കെട്ട് തുടര്‍ന്ന ഇഷാന്‍ സെഞ്ച്വറിയിലേക്കതിവേഗം അടുത്തെങ്കിലും 11 റണ്‍സകലെ വീണു. 56 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്സും പറത്തിയ ഇഷാനെ ദസുന്‍ ഷണകയാണ് പുറത്താക്കിയത്. വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഇഷാന്‍ ജനിത് ലിയനേഗിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
ഈ പ്രകടനത്തോടെ ഇഷാനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കരുതെന്ന് വിമര്‍ശിച്ചവര്‍ക്ക് ബാറ്റുകൊണ്ട് തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇഷാന്‍. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (57*) തല്ലിത്തകര്‍ത്തതോടെ ഇന്ത്യ വമ്പന്‍ ടോട്ടലിലേക്ക് കുതിച്ചു. സഞ്ജു സാംസണെ പിന്നോട്ട് വലിച്ച് നാലാമനായി രവീന്ദ്ര ജഡേജയ്ക്കാണ് (3) ഇന്ത്യ അവസരം നല്‍കിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ജഡേജയെ കാഴ്ചക്കാരനാക്കിയാണ് ശ്രേയസ് തല്ലിത്തകര്‍ത്തത്. 28 പന്ത് നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്സും ശ്രേയസ് പറത്തി. 203.57 ആയിരുന്നു ശ്രേയസിന്റെ സ്ട്രൈക്കറേറ്റ്.
മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. പതും നിസങ്കയെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യക്കായി. കമില്‍ മിഷാറ (13), ജനിത് ലിയനേക് (11), ദിനേഷ് ചണ്ഡിമാല്‍ (10), ക്യാപ്റ്റന്‍ ദസുന്‍ ഷണക (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചമിക കരുണരത്‌ന (14 പന്തില്‍ 21), ദുഷ്മന്ത ചമീര (14 പന്തില്‍ 24*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ചരിത് അസലന്‍കയുടെ (53*) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ശ്രീലങ്കയെ രക്ഷിച്ചത്.
ആദ്യ മത്സരത്തിനുള്ള ടീമില്‍ സഞ്ജു സാംസണെ ഇന്ത്യ ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തുപറയേണ്ട കാര്യം. ടി20 ലോകകപ്പിനുള്ള പദ്ധതികളില്‍ സഞ്ജു സാംസണും ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. അവസാനമായി ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡക്ക് ഇന്ത്യ ടി20യിലും അരങ്ങേറ്റത്തിന് അവസരം നല്‍കിയിരിക്കുകയാണ്. മധ്യനിരയില്‍ മികച്ച പ്രകടനം നടത്താന്‍ മികവുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് അദ്ദേഹം. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ മികച്ച ഓള്‍റൗണ്ടര്‍മാരെ ഇന്ത്യക്ക് ആവിശ്യമാണ്. അതുകൊണ്ട് തന്നെ ദീപക്കിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.