അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇഷാന്‍ കിഷന്‍ വെടിക്കെട്ടൊരുക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു ഗംഭീര വിജയം. ഇഷാനു കൂട്ടായി നായകന്‍ വിരാട് കോലിയും ഫോമിലേക്കുയര്‍ന്നപ്പോള്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു.
ടോസിനു ശേഷം കോലി ഇംഗ്ലണ്ടിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 200നടുത്ത് റണ്‍സ് ലക്ഷ്യമാക്കി കുതിച്ച ഇംഗ്ലണ്ടിനെ ഡെത്ത് ഓവറിലെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ ആറു വിക്കറ്റിനു 164 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. ഇംഗ്ലീഷ് നിരയില്‍ ആരും തന്നെ ഫിഫ്റ്റി തികച്ചില്ല. 46 റണ്‍സെടുത്ത ഓപ്പണര്‍ ജാണ്‍ റോയ് ആണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിനെ പൂജ്യത്തിന് ഇന്ത്യക്കു നഷ്ടമായി. ഈ ഓവറില്‍ റണ്ണെടുക്കാനും ഇന്ത്യക്കായില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അരങ്ങേറ്റക്കാരനും ഓപ്പണറുമായ ഇഷാന്‍ കിഷന് കൂട്ടായി കോലിയെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചു. 94 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇതോടെ കളി ഇന്ത്യയുടെ വരുതിയിലാവുകയും ചെയ്തിരുന്നു.
17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. കോലിയും (73*) ഇഷാനുമാണ് (56) ഇന്ത്യയുടെ ഹീറോസ്. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ഇഷാന്‍ 56 റണ്‍സെടുത്തതെങ്കില്‍ കോലി 49 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. സിക്‌സറിലൂടെയാണ് കോലി ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. റിഷഭ് പന്താണ് 26 (13 ബോള്‍, രണ്ടു ബൗണ്ടറി, 2 സിക്‌സര്‍) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. എട്ടു റണ്‍സോടെ ശ്രേയസ് അയ്യര്‍ കോലിയോടൊപ്പം പുറത്താവാതെ നിന്നു.