പ്രഭാത വാർത്തകൾ

 

🔳യുക്രെയിനെ കത്തിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ളിടത്ത് റഷ്യ മിസൈല്‍ ആക്രമണം നടത്തി. വ്യോമാക്രണത്തിനു പുറമേ, കരസേനയുടെ ആക്രമണവുമുണ്ട്. യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ പട്ടാളം എത്തി. ചെര്‍ണോബില്‍ ആണവനിലയം റഷ്യന്‍ പട്ടാളം പിടിച്ചെടുത്തു. 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നു റഷ്യ. ഇരുപക്ഷത്തുമായി നൂറ്റമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ആറു യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്നും അമ്പതു റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രെയിന്‍ അവകാശപ്പെട്ടു. യുക്രെയിനിലെ ജനം പലായനം ചെയ്യുകയാണ്.

🔳യുക്രെയിന്‍ യുദ്ധക്കളമായി. ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ ബോംബ് സ്ഫോടനംപോലെ റഷ്യന്‍ മിസൈലുകള്‍ പതിച്ചു. പൊട്ടിത്തെറിച്ച് ആളിക്കത്തുന്ന മുറികളില്‍നിന്ന് ഓടിരക്ഷപ്പെടുന്ന നിരപരാധികള്‍. ഉക്രൈനിലെ ഭീതിജനകമായ കാഴ്ചകള്‍ ഇതെല്ലാമാണ്. ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ അനേകരാണ് പങ്കുവയ്ക്കുന്നത്.

🔳റഷ്യക്കെതിരേ സൈനിക നടപടിക്ക് ഇല്ലെന്ന് നാറ്റോ. അംഗരാജ്യമല്ലാത്ത യുക്രൈനുവേണ്ടി റഷ്യയ്ക്കെതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടെന്നാണ് നാറ്റോ എന്ന നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ തീരുമാനം. ചില അംഗരാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നല്‍കും. സംയുക്ത സൈനികനീക്കമുണ്ടായാല്‍ മറ്റൊരു ലോകയുദ്ധത്തിന് വഴി വയ്ക്കുമായിരുന്നു.

🔳യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോടു പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു.

🔳യുദ്ധം തുടങ്ങിയതിനുശേഷം രക്ഷപ്പെടാന്‍ വഴിതേടി യുക്രെയിനിലുള്ള 468 മലയാളി വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ടെന്ന് നോര്‍ക്ക റൂട്ട്‌സ്. ഒഡീസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 200 പേരാണു സഹായം തേടിയതെന്നും നോര്‍ക്ക.

🔳റവന്യു വകുപ്പിലെ ചിലര്‍ ദുഷ്പേരുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ രീതിയില്‍ ഇടപെടുന്ന ജീവനക്കാര്‍ ശരിയായ രീതിയിലേക്ക് വരണം. മികച്ച കളക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സേവിക്കാനാണ് താന്‍ ഇരിക്കുന്ന കസേരയെന്ന ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയില്‍ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

🔳കൊവിഡ് കാലത്ത് പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ തുടങ്ങിയവ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. അസാധാരണ സാഹചര്യത്തെ നേരിടാന്‍ അസാധാരണ നടപടി വേണ്ടിവന്നു. അതിനെ അഴിമതിയായി ചിത്രീകരിക്കരുതെന്നു മുഖ്യമന്ത്രി നിയമസഭയില്‍. നന്ദി പ്രമേയ ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴികളെക്കുറിച്ചുള്ള ചര്‍ച്ച അനുവദിക്കാത്തതിന്റെ പേരില്‍ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

🔳സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജിയില്‍ നേരിട്ടു ഹാജരായി തെളിവു നല്‍കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്. ആരോപണങ്ങളും വിവാദങ്ങളും വന്നതോടെ അനുമതി പിന്‍വലിച്ചിരുന്നു.

🔳യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ യുക്രൈനിലുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തില്‍ പറയുന്നു.

🔳നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവയ്ക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. എന്നാല്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സാവകാശം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയ്ക്കു കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ഡിജിറ്റലായി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

🔳വായ്പ തിരിച്ചടയ്ക്കുന്നതു മുടങ്ങിയതിന്റെ പേരില്‍ നാല്‍പതു കോടി രൂപ വിലമതിക്കുന്ന കെട്ടിടം ഉടമയറിയാതെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 9.18 കോടി രൂപയ്ക്കു വിറ്റെന്നു പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ തിരിമറിയ്ക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ കെഎഫ്സി മുന്‍ എംഡി ടോമിന്‍ തച്ചങ്കരി അടക്കം ഒമ്പതു പേര്‍ക്കെതിരേ അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു. പേള്‍ ഹില്‍ ബില്‍ഡേഴ്സ് ഉടമ പി.പി. അബ്ദുള്‍ നാസറിന്റെ പരാതിയിലാണ് അന്വേഷണം.

🔳മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പന്‍ തെയ്യം മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ വൈറലായ വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി എംപി. ഇന്ത്യയുടെ മനോഹാരിത ഇതാണെന്നു കുറിച്ചുകൊണ്ടാണ് രാഹുല്‍ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

🔳മാറ്റിവച്ച 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. രാവിലെ 10 മുതല്‍ ചലച്ചിത്ര മേളയുടെ വെബ്സൈറ്റിലെ ലിങ്കിലൂടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് നിരക്ക്. മാര്‍ച്ച് 18ന് ചലച്ചിത്ര മേള ആരംഭിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

🔳നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസുകാരന്‍ കുഴഞ്ഞുവീണ സംഭവത്തില്‍ കഞ്ചാവു നല്‍കിയ യുവാവ് അറസ്റ്റില്‍. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരന്‍ വീട്ടില്‍ വിജേഷിനെ (19) ആണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണു നടപടി.

🔳കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നു ഫേസ്ബുക്കില്‍ കുറിച്ച യു പ്രതിഭ എംഎല്‍എ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റു മാത്രമല്ല, എംഎല്‍എയുടെ ഫേസ് ബുക്ക് പേജുതന്നെ അപ്രത്യക്ഷമായി. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍നിന്ന് ഉണ്ടായി. സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നുവെന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

🔳കോഴിക്കോട് ചേവായൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ കുട്ടികളില്‍ ഒരാളോട് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് യുവ നേതാവുമായ കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി പതിനാറുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണു കേസ്.

🔳ജര്‍മനിയില്‍ നഴ്‌സിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. പ്രായപരിധി 45. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമാണ്. അവസാന തീയതി മാര്‍ച്ച് 10. www.norkaroots.org

🔳കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കുടുംബത്തിനു സര്‍ക്കാരില്‍നിന്നു നീതി കിട്ടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജില്ലാ കളക്ടറോ പട്ടിക ജാതി കമ്മീഷനോ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. ഇക്കാര്യം കേന്ദ്ര പട്ടിക ജാതി കമ്മീഷന്റ ശ്രദ്ധയില്‍പ്പെടുത്തും. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

🔳സാഹിത്യകാരനും ചരിത്രകാനുമായ പ്രഫ. മാത്യു ഉലകംതറ കോട്ടയത്ത് അന്തരിച്ചു. 91 വയസായിരുന്നു. സംസ്‌കാരം നാളെ പത്തിനു കുടമാളൂരില്‍.

🔳മന്ത്രിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണിയോട് തത്ക്കാലം ആവശ്യപ്പെടില്ലെന്ന് ഐഎന്‍എല്‍ നേതാവ് പ്രഫ. അബ്ദുള്‍ വഹാബ്. ഐഎന്‍എല്‍ പിളര്‍ന്നതോടെ മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണ്. മന്ത്രിസ്ഥാനമല്ല പാര്‍ട്ടി പിളര്‍പ്പിന് കാരണമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

🔳പതിമ്മുന്നുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിയും മദ്രസ അധ്യാപകനുമായ ഷറഫുദ്ദീനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

🔳അധ്യാപന ജോലിക്കു ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

🔳യുക്രൈനില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം ഊര്‍ജിതമാക്കി ഇന്ത്യ. യുക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെനിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് ഇന്ത്യന്‍ എംബസി ആലോചിക്കുന്നത്. പാസ്പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശം.

🔳യുക്രെയിനിലുള്ള ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാന്‍ തീരുമാനം. യുക്രെയിന്റെ അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലൊവാകിയ, റൊമാനിയ എന്നിവ വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്കാരെ സഹായിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ അതിര്‍ത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

🔳റഷ്യ-യുക്രൈന്‍ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക യോഗം വിളിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനും യോഗത്തില്‍ പങ്കെടുത്തു. യുക്രെയ്നിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

🔳റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ ശശി തരൂര്‍ എംപി. റഷ്യ ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. റഷ്യയോടു സംസാരിച്ച് യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

🔳യുദ്ധം വേണ്ട, സമാധാനം മതിയെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡ്മിര്‍ സെലെന്‍സ്‌കി. യുദ്ധത്തിലൂടെ ആയിരങ്ങളെ കൊലയ്ക്കു കൊടുക്കരുത്. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ശബ്ദമുയര്‍ത്തണം. സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളില്‍ തുടരണം. യുക്രെയിനിലെ പൗരന്മാര്‍ ചോദിച്ചാല്‍ ആയുധങ്ങള്‍ നല്‍കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

🔳യുക്രെയിനെതിരെ റഷ്യയുടെ സൈബര്‍ ആക്രമണം. പല സര്‍ക്കാര്‍ വെബ്സൈറ്റുകളും ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളും സൈബര്‍ ആക്രമണത്തില്‍ തടസപ്പെട്ടു. യുക്രൈന്‍ ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെയും റഷ്യന്‍ ആക്രമണം. പ്രതിരോധമന്ത്രാലയത്തിന് തൊട്ടടുത്താണ് ആക്രമണം നടന്നത്.

🔳വൈകുന്നേരം അഞ്ചു കഴിഞ്ഞാല്‍ പുറത്തിറങ്ങരുതെന്ന് യുക്രെയിനില്‍ കര്‍ശന നിര്‍ദേശം. യുദ്ധഭീതിമൂലം വെള്ളവും ഭക്ഷണവും വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ പണം കിട്ടാതെ വിഷമിക്കുകയാണ് എല്ലാ കുടുംബങ്ങളും. കിട്ടിയതെല്ലാം വലിച്ചുവാരിയെടുത്ത് എല്ലാവരും പാക്ക് ചെയ്ത് പോകുകയാണ്.

🔳റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യവുമായി യുക്രെയിന്‍ അംബാസിഡര്‍. നിരുപാധികം യുക്രൈന്‍ ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നും അംബാസഡര്‍ ഇഗോര്‍ പോളിക പറഞ്ഞു. നരേന്ദ്രമോദി പറയുന്നത് പുടിന്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം വ്യക്തമാക്കി.

🔳റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം.

🔳യുക്രെയിന്‍ പിടിച്ചടക്കാന്‍ സൈനികാക്രമണം നടത്തിയ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നടപടിയെ പ്രശംസിച്ച് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്‍ ജീനിയസാണെന്നും ട്രംപ് പറഞ്ഞു. ഇതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ കണ്ടു.

🔳ഖത്തറിലേക്കു യാത്രചെയ്യാന്‍ മാര്‍ച്ച് മാസം മുതല്‍ പിസിആര്‍ പരിശോധനാ ഫലം ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

🔳സോഷ്യല്‍ മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചൂതാട്ട കേന്ദ്രത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തന്റെ ചിത്രം ഉപയോഗിച്ചത് വേദനാജനകമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

🔳ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ പൂട്ടി ഒഡിഷ എഫ് സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

🔳ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 62 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 56 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 89 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

🔳ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26-ന് മുംബൈയില്‍ തുടക്കമാകും. ഇന്നലെ നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. 10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.

🔳കേരളത്തില്‍ ഇന്നലെ 51,974 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 15 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 197 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,803 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9531 പേര്‍ രോഗമുക്തി നേടി. ഇതോടെ 41,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട് 135, കാസര്‍ഗോഡ് 60.

🔳രാജ്യത്ത് ഇന്നലെ 12,655 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,182, കര്‍ണാടക- 588, തമിഴ്നാട്-575.

🔳ആഗോളതലത്തില്‍ ഇന്നലെ പതിനെട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 53,504, ബ്രസീല്‍ -93,145, റഷ്യ- 1,32,998, ജര്‍മനി – 2,18,431. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 43.15 കോടി പേര്‍ക്ക്. നിലവില്‍ 6.51 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,711 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.45 ലക്ഷമായി.

🔳കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ധനനയ പിന്തുണ, വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ്, സാമ്പത്തിക നയം എന്നിവയുടെ പിന്‍ബലത്തില്‍ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ പ്രവചനം 2022-23ല്‍ നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായി ഉയര്‍ത്തി. എന്നിരുന്നാലും, ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലെ അപാകതകളും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നത് തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇത് യഥാക്രമം 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 8.4 ശതമാനം, 6.5 ശതമാനം എന്നിങ്ങനെയായിരിക്കും. വാസ്തവത്തില്‍, ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വളര്‍ച്ചാ പ്രവചനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്.

🔳ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം എട്ട് ശതമാനത്തോളം കുറയ്ക്കാനൊരുങ്ങി ടാറ്റ സണ്‍സ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴി ഏകദേശം 2,000 കോടി രൂപ സമാഹരിക്കാനാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷ്യമിടുന്നത്. താജ് ഗ്രൂപ്പ് ഹോട്ടലുകളുടെ ഓപ്പറേറ്ററായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡില്‍ 41 ശതമാനം ഓഹരികളാണ് ടാറ്റ സണ്‍സിനുള്ളത്. സമാഹരിക്കുന്ന തുക 1,905 കോടി രൂപയുടെ ഏകീകൃത കടം കുറയ്ക്കുന്നതിനാണ് ഉപയോഗിക്കുക. 2025 ഓടെ എല്ലാ കമ്പനികളുടെയും കടം കുറയ്ക്കുക എന്ന ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

🔳മലയാളത്തില്‍ ഇന്ന് മൂന്ന് ഒടിടി റിലീസുകള്‍. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നത്. ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ അജഗജാന്തരം, നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാന്‍.എ.മന്‍, ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്ത ക്യാംപസ് ചിത്രം കുഞ്ഞെല്‍ദോ എന്നിവയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നാളെ എത്തുക. ഇതില്‍ അജഗജാന്തരം സോണി ലിവിലും ജാന്‍.എ.മന്‍ സണ്‍ നെക്സ്റ്റിലും കുഞ്ഞെല്‍ദോ സീ5ലുമാണ് എത്തുക.

🔳നസ്രിയ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നടന്‍ നാനിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു തിയതി പുറത്തുവിട്ടത്. ടീസറിനൊപ്പമായിരുന്നു റിലീസ് ഡേറ്റും പുറത്തുവിട്ടത്. ജൂണ്‍ 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ‘അണ്ടേ സുന്ദരാനികി’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2020ല്‍ റിലീസ് ചെയ്ത മലയാള ചിത്രം ട്രാന്‍സിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

🔳നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് മോട്ടോര്‍ കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതാദ്യമായാണ് ഇത്രയേറെ ഇരുചക്രവാഹനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിനിടയില്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇന്തോനേഷ്യയിലെ പിടി ടിവിഎസും ചേര്‍ന്നാണ് പത്തുലക്ഷം യൂണിറ്റ് എന്ന നേട്ടം കൈവരിച്ചത്. ടിവിഎസ് അപ്പാച്ചെ സീരീസ്, ടിവിഎസ് എച്ച്എല്‍എക്സ് സീരീസ്, ടിവിഎസ് റൈഡര്‍, ടിവിഎസ് നിയോ സീരീസ് തുടങ്ങിയവയാണ് ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്തത്.

🔳ഭാരതചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസപുരുഷനായ ഛത്രപതി ശിവജിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍. മറാഠ സാഹിത്യത്തിലെ ക്ലാസിക് ആയ ഈ നോവല്‍ ചരിത്രവും ജീവിതകഥയും ഭാവനയും ഒന്നിക്കുന്ന മികച്ച ഒരു സൃഷ്ടിയാണ്. ‘ഛത്രപതി ശിവജി’. രണ്‍ജിത്ത് ദേശായി. ഡിസി ബുക്സ്. വില 719 രൂപ.

🔳രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉരുളക്കിഴങ്ങ് മികച്ചതാണെന്ന് പഠനം. ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കും. എല്ലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയണ്‍ , മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ സഹായിക്കും. ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിന്‍സ് കാന്‍സര്‍ സെല്ലിന്റെ വളര്‍ച്ച തടയും. ആരോഗ്യവും സൗന്ദര്യവുമുള്ള ചര്‍മം സ്വന്തമാക്കാന്‍ ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ചുളിവുകളും പാടുകളുമകറ്റി ചര്‍മം സുന്ദരവും മൃദുലവുമാക്കുന്നു. ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളര്‍ച്ചയ്ക്കും ഉരുളക്കിഴങ്ങില്‍ ഏറെയളവില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സ് സഹായിക്കും. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കോ എന്‍സൈമായ ആല്‍ഫ ലിപ്പോയിക് ആസിഡ് മൊത്തത്തിലുള്ള വൈജ്ഞാനിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അല്‍ഷിമേഴ്‌സ് രോഗികളിലും ഈ ആസിഡ് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ (സിങ്ക്, ഫോസ്ഫറസ്, ബി കോംപ്ലക്സ് ഉള്‍പ്പെടെ) ഗുണപരമായി ബാധിക്കുന്നു. നാഡീസംബന്ധമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ബി 6 വളരെ പ്രധാനമാണ്.