കേപ് ടൗൺ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 287ന് പുറത്ത്; ക്വിന്റൺ ഡികോക്കിന് സെഞ്ച്വറി

കേപ്ടൗണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ക്വിന്റൺ ഡികോക്കിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക സ്‌കോർ ഉയർത്തിയത്.

തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 34 റൺസെടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ 70ൽ മൂന്നാം വിക്കറ്റും വീണു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഡികോക്കും വാൻഡർഡസനും ചേർന്ന് ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക കരകയറി.

ക്വിന്റൺ ഡികോക്ക് 130 പന്തിൽ രണ്ട് സിക്‌സും 12 ഫോറും സഹിതം 124 റൺസെടുത്ത് പുറത്തായി. വാൻഡർ ഡസൻ 52 റൺസെടുത്തു. ഡേവിഡ് മില്ലർ 39 റൺസിനും പ്രെട്ടോറിയസ് 20 റൺസിനും വീണു.

ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ, ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു. ചാഹൽ ഒരു വിക്കറ്റ് സ്വന്തമാക്കി