സാം കറന്റെ വെടിക്കെട്ട് വരുന്നതുവരെ ഐപിഎൽ പതിമൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ വിജയം ആർക്കൊപ്പമെന്നതിൽ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. മുംബൈയും ചെന്നൈയും വീറോടെ പൊരുതിയപ്പോൾ വിജയസാധ്യത മാറി മാറി നിന്നു. എന്നാൽ രവീന്ദ്ര ജഡേജ പുറത്തായ ശേഷം ക്രീസിലെത്തിയ സാം കറൻ ആറ് പന്തിൽ 18 റൺസ് അടിച്ചുകൂട്ടിയതോടെ വിജയം ചെന്നൈക്കെന്ന് ഉറപ്പിക്കുകയായിരുന്നു
18 റൺസെടുത്ത കറൻ മടങ്ങിയപ്പോഴും ചെന്നൈ വിജയമുറപ്പിച്ചിരുന്നു. പിന്നാലെയാണ് ആരാധകരുടെ ഒരു വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് ധോണി ക്രീസിലെത്തിയത്. സിക്‌സ് അടിച്ച് ധോണിയുടെ ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് പക്ഷേ നിരാശയായിരുന്നു ഫലം. ബുമ്രയുടെ പന്ത് പൂൾ ചെയ്യാനുള്ള ശ്രമം പാളി, പന്ത് ബാറ്റിനെ തൊട്ടുതൊട്ടില്ലെന്ന നിലയിൽ മുംബൈ കീപ്പറുടെ കയ്യിൽ
ഇതോടെ ബുമ്രയും ക്വിന്റൻ ഡി കോക്കും അപ്പീൽ ചെയ്തു. അപ്പീൽ അംഗീകരിച്ച അമ്പയർ കൈ വിരലുമുയർത്തി. എന്നാൽ ധോണി തൊട്ടുപിന്നാലെ തീരുമാനം റിവ്യു ചെയ്യുകയായിരുന്നു. റീ പ്ലേ പരിശോധിച്ച തേർഡ് അമ്പയർ ധോണി ഔട്ടല്ലെന്ന് കണ്ടെത്തി. ഡി ആർ എസ് എന്നാൽ ധോണി റിവ്യു സിസ്റ്റം ആണെന്ന് തല ഒരിക്കൽ കൂടി ഉറപ്പിച്ചു. മത്സരത്തിൽ രണ്ട് പന്ത് നേരിട്ട ധോണി റൺസൊന്നും എടുക്കാതെ പുറത്താകാതെ നിന്നു