‘ഇത്രയും കാലം നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണം’. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് മഹേന്ദ്ര സിംഗ് ധോണി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. ക്യാപ്റ്റൻ കൂൾ, തന്റെ വിരമിക്കലും കൂളായി ആരാധകരെ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്തായ ഒരു കാലഘട്ടത്തെ വർണാഭമാക്കി കൊണ്ട് തല എന്ന് ആരാധകർ വിളിക്കുന്ന ധോണി രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നു.
2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ആരംഭിച്ച ക്രിക്കറ്റ് കരിയർ ഏതാണ്ട് 16 വർഷങ്ങൾക്കിപ്പുറം അവസാനിപ്പിക്കുമ്പോൾ തല ഉയർത്തിപ്പിടിച്ച് തന്നെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ ലോകനെറുകയിലേക്ക് കൈപിടിച്ചുയർത്തിയിട്ടും വിജയിക്കാൻ മാത്രം ശീലിപ്പിച്ചിട്ടും മാന്യമായ ഒരു വിടവാങ്ങൽ പോലും നൽകാതിരുന്ന ബിസിസിഐയുടെ നിലപാടിനോട് ആരാധകർ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമാണ് അറിയാനുള്ളത്.
2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ആരംഭിച്ച ക്രിക്കറ്റ് കരിയർ ഏതാണ്ട് 16 വർഷങ്ങൾക്കിപ്പുറം അവസാനിപ്പിക്കുമ്പോൾ തല ഉയർത്തിപ്പിടിച്ച് തന്നെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ ലോകനെറുകയിലേക്ക് കൈപിടിച്ചുയർത്തിയിട്ടും വിജയിക്കാൻ മാത്രം ശീലിപ്പിച്ചിട്ടും മാന്യമായ ഒരു വിടവാങ്ങൽ പോലും നൽകാതിരുന്ന ബിസിസിഐയുടെ നിലപാടിനോട് ആരാധകർ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമാണ് അറിയാനുള്ളത്.
2019ലെ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട് പുറത്തായതിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ ധോണിയെ കണ്ടിട്ടില്ല. അടുത്തിടെ നടക്കാനിരുന്ന ടി20 ലോകകപ്പോടെ അദ്ദേഹം തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കൊവിഡിനെ തുടർന്ന് ടൂർണമെന്റ് മാറ്റിവെച്ചതോടെ ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ലെന്ന് ധോണിക്കും തോന്നിയിട്ടുണ്ടാകണം. രാജ്യാന്തര ക്രിക്കറ്റിനോടാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. ഐപിഎല്ലിൽ ധോണിയുടെ സാന്നിധ്യം തുടർന്നുമുണ്ടാകും എന്നാണ് പ്രതീക്ഷ
രണ്ട് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച താരമാണ്. 2011 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു. 2007 ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ നായകത്വത്തിലാണ്. ക്രിക്കറ്റിൽ സ്വന്തമായൊരു ശൈലിയും സ്‌പെഷ്യലിസ്റ്റ് ഷോട്ടുകളും എഴുതിവെച്ചാണ് ധോണി വിരമിക്കുന്നത്. വിക്കറ്റിന് പിന്നിൽ എന്നും ധോണി അതികായനായിരുന്നു. ഇതിഹാസ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഇടം നേടിയ താരം. ജാർഖണ്ഡിൽ നിന്നും ധോണി നടന്നു കയറിയത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കായിരുന്നില്ല. ആരാധകരുടെ മനസ്സിലേക്കായിരുന്നു
350 ഏകദിനങ്ങളിൽ നിന്നായി 10,773 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ച്വറിയും 73 അർധ സെഞ്ച്വറിയും ഇതിലുൾപ്പെടുന്നു. 183 ആണ് ഹൈ സ്‌കോർ. ഏകദിനത്തിൽ ഒരു വിക്കറ്റും അദ്ദേഹത്തിനുണ്ട്. വിക്കറ്റിന് പിന്നിൽ 321 ക്യാച്ചും 123 സ്റ്റംപിംഗും ഏകദിനത്തിൽ ധോണി സ്വന്തമാക്കി
90 ടെസ്റ്റുകളിൽ നിന്നായി 4876 റൺസ്. ആറ് സെഞ്ച്വറിയും 33 അർധ സെഞ്ച്വറിയും. 224 റൺസാണ് ടോപ് സ്‌കോർ. 256 ക്യാച്ചുകളും 38 സ്റ്റംപിംഗും ടെസ്റ്റിൽ ധോണിയുടെ സമ്പാദ്യത്തിലുണ്ട്. 2014ലാണ് ടെസ്റ്റിൽ നിന്നും ധോണി വിരമിക്കുന്നത്. ഇതും അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു