കാത്തിരിപ്പിനൊടുവിൽ ഐപിഎൽ പതിമൂന്നാം സീസണ് ഇന്ന് തുടക്കമാകും. അബൂദബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടും
കൊവിഡിനെ തുടർന്നാണ് ടൂർണമെന്റ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മാറ്റിയത്. ചെന്നൈ ടീമിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇതിനിടെ ആശങ്കക്ക് വഴിവെച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതോടെയാണ് ടൂർണമെന്റുമായി ബിസിസിഐ മുന്നോട്ടുപോകുന്നത്.
അതേസമയം സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ് എന്നീ പരിചയസമ്പന്നരുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാണ്. ലസിത് മലിംഗയുടെ അഭാവത്തിലാണ് മുംബൈ ഇറങ്ങുന്നത്. എങ്കിലും രോഹിതും ധോണിയും നേർക്കുനേർ വരുമ്പോൾ തീ പാറുന്ന മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.