എറണാകുളത്ത് നിന്ന് അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ഇവർ പിടിയിലായത്. ആകെ ഒമ്പത് പേരെയാണ് പിടികൂടിയത്. ആറ് പേർ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും മൂന്ന് പേർ എറണാകുളത്ത് നിന്നുമാണ് പിടിയിലായത്.
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസൻ എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായത്. ഇവർ ബംഗാൾ സ്വദേശികളാണ്. കെട്ടിട നിർമാണ തൊഴിലാളികൾ എന്ന നിലയിലാണ് ഇവർ കൊച്ചിയിൽ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി തന്നെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ആരംഭിച്ചിരുന്നു. എൻഐഎ ഡൽഹി യൂനിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ഡൽഹി യൂനിറ്റിന് കൈമാറിയേക്കും. മൂന്ന് പേരെയും ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും
കേരളത്തിൽ റെയ്ഡും അന്വേഷണവും തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകലിൽ ഇവർ സഞ്ചരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ ഡിവൈസുകളും ദേശവിരുദ്ധ ലേഖനങ്ങളും ആയുധങ്ങളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.