ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു; അർധ സെഞ്ച്വറിക്കരികെ ജോ റൂട്ട്

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 119 റൺസ് എന്ന നിലയിലാണ്. നായകൻ ജോ റൂട്ടും ജോണി ബെയിർസ്‌റ്റോയുമാണ് ക്രീസിൽ

കരുതലോടെ ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് മുഹമ്മദ് സിറാജാണ് ഇരട്ട പ്രഹരം നൽകിയത്. സ്‌കോർ 23ൽ നിൽക്കെ 11 റൺസെടുത്ത ഡോം സിബ്ലി പുറത്തായി. തൊട്ടടുത്ത പന്തിൽ ഹസീബ് അഹമ്മദിനെ ക്ലീൻ ബൗൾഡ് കൂടി ചെയ്തതോടെ ഇംഗ്ലണ്ടിന് 23ന് 2 വിക്കറ്റ് എന്ന നിലയിലായി

പിന്നീട് ക്രീസിലൊന്നിച്ച റോറി ബേൺസും റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. 49 റൺസെടുത്ത ബേൺസിനെ മുഹമ്മദ് ഷമി പുറത്താക്കി. മത്സരം നിർത്തുമ്പോൾ ജോ റൂട്ട് 48 റൺസുമായും ജോണി ബെയിർസ്‌റ്റോ 6 റൺസുമായും ക്രീസിലുണ്ട്

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് നിലവിൽ ഇന്ത്യൻ സ്‌കോറിനേക്കാൾ 245 റൺസ് പിന്നിലാണ്.