ഗോൾവേട്ടയിൽ ചരിത്രം കുറിച്ച് റൊണാൾഡോ; ടോട്ടനത്തിനെതിരെ ഹാട്രിക്ക്, യുനൈറ്റഡിന് ജയം

 

ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന ഇതിഹാസ റെക്കോർഡുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഓസ്ട്രിയൻ താരം ജോസഫ് ബിക്കന്റെ 805 ഗോളുകളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ടോട്ടനത്തിനെതിരായ മത്സരത്തിൽ നേടിയ ഹാട്രികാണ് റോണോയെ റെക്കോർഡിലെത്തിച്ചത്.

ടോട്ടനത്തിനെ 3-2ന് തകർത്താണ് മാഞ്ചസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു പടികൂടി മുന്നേറിയത്. പോയിന്റ് പട്ടികയിൽ ആഴ്‌സലിനെ മറികടന്ന് നാലാമത് എത്താനും യുനൈറ്റഡിന് സാധിച്ചു.

മത്സരത്തിന്റെ 12ാം മിനിറ്റിൽ റൊണാൾഡോ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. എന്നാൽ 35ാം മിനിറ്റിൽ ഹാരി കെയ്‌ന്റെ പെനാൽറ്റി വഴി ടോട്ടനം ഒപ്പമെത്തി. മൂന്ന് മിനിറ്റുകൾക്ക് ശേഷം റൊണാൾഡോ വീണ്ടും യൂനൈറ്റഡിന് ലീഡ് നേടിക്കൊടുത്തു.

ആദ്യപകുതി അവസാനിക്കുമ്പോൾ യുനൈറ്റഡ് 2-1ന് മുന്നിലായിരുന്നു. രണ്ടാംപകുതിയിലെ 72ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം വീണ്ടും 2-2 എന്ന നിലയിലായി. എന്നാൽ 81ാം മിനിറ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ റൊണാൾഡോ മാഞ്ചസ്റ്ററിന്റെ ജയവും തന്റെ ഹാട്രികും സ്വന്തമാക്കി