നാണക്കേടിന്റെ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം; രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോലി നാണക്കേടിൻ്റെ റെക്കോർഡിലെത്തിയ. നിലവിൽ ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ കളിയോടെ കരിയറിൽ 14ആം തവണയാണ് കോലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 വട്ടം റൺ ഒന്നുമെടുക്കാതെ പുറത്തായപ്പോൾ 11 ഡക്കുകളുള്ള മുൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ മൂന്നാമതുണ്ട്. കപിൽ ദേവ് (10), മുഹമ്മദ് അസ്‌ഹറുദ്ദീൻ (8) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.

ഇന്ന്, സ്പിന്നർ ആദിൽ റഷീദ് ആണ് കോലിയെ പുറത്താക്കിയത്. കൂറ്റൻ ഷോട്ടിനു ശ്രമിച്ച കോലിയെ ആദിൽ റഷീദിൻ്റെ പന്തിൽ ക്രിസ് ജോർഡൻ പിടികൂടുകയായിരുന്നു.

കൊവിഡ് ഇടവേളക്ക് ശേഷം കോലി മോശം ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലടക്കം രണ്ട് തവണ ഇന്ത്യൻ ക്യാപ്റ്റൻ റൺ ഒന്നുമെടുക്കാതെ പുറത്തായിരുന്നു. ടെസ്റ്റ് പരമ്പരയിൽ ആകെ 172 റൺസ് മാത്രമാണ് കോലിക്ക് സ്കോർ ചെയ്യാനായത്.

അതേസമയം, ആദ്യ ടി-20യിൽ ഇംഗ്ലണ്ട് കുതിക്കുകയാണ്. 125 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 9 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. ജോസ് ബട്‌ലർ (28) ആണ് പുറത്തായത്. ചഹാലിനാണ് വിക്കറ്റ്.