ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 20 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 297 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു
ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഡേവിഡ് മലാനും ജോ റൂട്ടുമായിരുന്നു ക്രീസിൽ. എന്നാൽ നാലാം ദിനം തുടക്കത്തിൽ തന്നെ 82 റൺസെടുത്ത മലാൻ പുറത്തായി. തൊട്ടുപിന്നാലെ 89 റൺസെടുത്ത ജോ റൂട്ടും വീണതോടെ ഇംഗ്ലണ്ട് കൂട്ടത്തകർച്ച ആരംഭിച്ചു
അവസാന എട്ട് വിക്കറ്റുകൾ വീണത് വെറും 77 റൺസിനിടെയാണ്. ബെൻ സ്‌റ്റോക്‌സ് 14 റൺസിനും ജോസ് ബട്‌ലർ 23 റൺസിനും ക്രിസ് വോക്‌സ് 16 റൺസിനും പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി നഥാൻ ലിയോൺ നാല് വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമ്മിൻസ്, കാമറോൺ ഗ്രീൻ എന്നിവർ രണ്ട് വീതവും മിച്ചൽ സ്റ്റാർക്ക്, ഹേസിൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി
ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 147 റൺസിന് ഓൾ ഔട്ടായിരുന്നു. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 425 റൺസെടുത്തു. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 297ന് പുറത്തായതോടെയാണ് 20 റൺസിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയക്ക് മുന്നിൽ കുറിച്ചത്.