ചുമട്ട് തൊഴിലിന്‍റെ കാലം കഴിഞ്ഞെന്നും നിർത്തലാക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചുമട്ടു തൊഴിലിനെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചത്. കഠിനാധ്വാനികളായ ചുമട്ടു തൊഴിലാളികൾ ഇപ്പോൾ അടിമകളെ പോലെയാണ്. ഭൂതകാലത്തിന്‍റെ ശേഷിപ്പ് മാത്രമാണിന്ന് ചുമട്ടു തൊഴിലും തൊഴിലാളികളും. നേരത്തെ സെപ്ടിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത്തരം ടാങ്കുകൾ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് ചുമടെടുക്കാൻ ഇപ്പോൾ മനുഷ്യനെ ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും നന്മയുള്ളവരാണെങ്കിലും ചുമട്ടു തൊഴിൽ ചെയ്ത് ജീവിതം നശിച്ചിരിക്കുകയാണ്. 50-60 വയസ് കഴിയുന്നതോടെ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് ചുമട്ടുത്തൊഴിലാളികള്‍.
ലോകത്ത് കേരളത്തില്‍ മാത്രമേ ചുമട്ടു തൊഴിൽ ശേഷിക്കുന്നുണ്ടാകൂ. ചുമട്ടു തൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടു. ഇനിയെങ്കിലും ഈ സ്ഥിതി മാറണം. ചുമട്ടു തൊഴിൽ നിർത്തലാക്കിയ ശേഷം തൊഴിലാളികളെ പുനരധിവസിപ്പിക്കണം. ചുമടെടുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കുകയും ഇവ കൈകാര്യം ചെയ്യാൻ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണമെന്നും കോടതി നിരീക്ഷിച്ചു.
തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയാവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി കൊല്ലം അഞ്ചൽ സ്വദേശി ടി. കെ സുന്ദരേശനടക്കം നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ബന്ധപ്പെട്ട കക്ഷികളുടെ വാദം പൂർത്തിയാക്കിയ കോടതി ഹരജികൾ വിധി പറയാൻ മാറ്റി.