ടെസ്റ്റ് പരമ്പര വിജയ മധുരത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് മധുരവും

 

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്. രവിചന്ദ്ര അശ്വിൻ നാട്ടിൽ 300 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. അനിൽ കുംബ്ലെയാണ് ഒന്നാമത്.

350 ടെസ്റ്റ് വിക്കറ്റുകളാണ് കുംബ്ലെ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. അശ്വിൻ 300 വിക്കറ്റുകളും ഹർഭജൻ സിംഗ് 265 വിക്കറ്റുകളും കപിൽദേവ് 219 വിക്കറ്റുകളും ഇന്ത്യയിൽ നിന്ന് സ്വന്തമാക്കി.

മുരളീധരന് ശേഷം സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും അശ്വിനെ തേടിയെത്തി. 49 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ നാട്ടിൽ 300 വിക്കറ്റുകൾ നേടിയത്. മുരളീധരൻ 48 മത്സരങ്ങളിൽ നിന്നും കുംബ്ലെ 52 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്

ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ താരമെന്ന നേട്ടവും ഇനി അശ്വിന് സ്വന്തമാണ്. 66 വിക്കറ്റുകളാണ് കിവീസിനെതിരെ അശ്വിൻ ഇതുവരെ നേടിയത്. 65 വിക്കറ്റുകൾ നേടിയ റിച്ചാർഡ് ഹാഡ്‌ലിയുടെ നേട്ടമാണ് അശ്വിൻ മറികടന്നത്

അശ്വിനെ കൂടാതെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 50 വിജയങ്ങൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്.