വാളയാറിൽ ഇരട്ട സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡമ്മി പരീക്ഷണവുമായി സിബിഐ. പെൺകുട്ടികൾ തൂങ്ങിമരിച്ച അതേ വീട്ടിലാണ് സിബിഐ സാഹചര്യം പുനരാവിഷ്‌കരിക്കുന്നത്.
കുട്ടികൾ മരിച്ച മുറിയിൽ രണ്ട് പേരുടെയും അതേ തൂക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും. വീടിന്റെ ഉത്തരത്തിൽ തൂങ്ങിമരിക്കാൻ ഒമ്പത് വയസ്സുകാരിക്ക് ആകില്ലെന്നതായിരുന്നു കേസിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം.
പരീക്ഷണത്തിന് മുന്നോടിയായി പെൺകുട്ടികളുടെ വസ്ത്രങ്ങളും ഷാളും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ സമാന വസ്തുക്കൾ ഉപയോഗിച്ചാണ് സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തുന്നത്.