റെക്കോർഡിലേക്ക് ചുവടുവെച്ച അരങ്ങേറ്റം; അക്‌സർ പട്ടേലിന്റെ കരിയറിന് സ്വപ്‌നതുല്യമായ തുടക്കം

അരങ്ങേറ്റ പരമ്പരയിൽ തന്നെ നിരവധി നേട്ടങ്ങളാണ് അക്‌സർ പട്ടേൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 27 വിക്കറ്റുകളും അക്‌സർ സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റുകൾ പിഴുത അക്‌സറിന്റെ പ്രകടനമാണ് ടീം ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

അരങ്ങേറ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമായും അക്‌സർ മാറി. 2008ൽ ഇന്ത്യക്കെതിരെ അരങ്ങേറിയ ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്‌സർ തിരുത്തിയത്. അജന്ത 26 വിക്കറ്റുകളാണ് അന്ന് നേടിയത്.

മൂന്ന് ടെസ്റ്റുകളിലെ തുടർച്ചയായ അഞ്ച് ഇന്നിംഗ്‌സുകളിൽ നാലോ അതിലധികമോ വിക്കറ്റ് നേടുന്ന താരമായും അക്‌സർ മാറി. ചെന്നൈ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ രണ്ടും രണ്ടാമിന്നിംഗ്‌സിൽ അഞ്ചും വിക്കറ്റ് നേടി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ആറും രണ്ടാമിന്നിംഗ്‌സിൽ അഞ്ചും വിക്കറ്റുകൾ നേടി. അവസാന ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ നാലും രണ്ടാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും താരം നേടി