കുട്ടികളുമായി അമ്മ പുഴയില്‍ ചാടിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെയും ഹിമയുടെയും മകന്‍ ആദവ് ആണ് മരിച്ചത്. സംഭവത്തില്‍ അമ്മ ഹിമയുടെ പേരില്‍ പോലിസ് കൊലപാതകത്തിന് കേസെടുത്തു. പുഴയില്‍നിന്ന് ആദവിനെയും അമ്മയെയും ഇളയ കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. അവശനിലയിലായ ആദവ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് രണ്ട് മക്കളെയുംകൊണ്ട് യുവതി ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. മൂത്ത കുട്ടി ആദവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് പെട്ടെന്നുതന്നെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് യുവതി വീട്ടില്‍ നിന്ന് മക്കളെയുംകൂട്ടി ചാനിയംകടവിലെത്തിയതും പുഴയിലേക്ക് ചാടിയതെന്നും പോലിസ് പറഞ്ഞു.