ഓവൽ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ; ലീഡ് ഇരുന്നൂറിലേക്ക്

 

ഓവൽ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ ശക്തമായ നിലയിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

മൂന്നാം ദിനത്തിൽ സ്വപ്‌നതുല്യമായ പ്രകടനമാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ കാഴ്ച വെച്ചത്. ഓപണർ രോഹിത് ശർമ സെഞ്ച്വറിയും ചേതേശ്വർ പൂജാര അർധ സെഞ്ച്വറിയും സ്വന്തമാക്കി. സ്‌കോർ 83ലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 46 റൺസെടുത്ത രാഹുൽ പുറത്തായതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച പൂജാരയും രോഹിതും ചേർന്ന് പടുത്തുയർത്തിയത് 153 റൺസിന്റെ കൂട്ടുകെട്ടാണ്

ഇതിനിടെ രോഹിത് തന്റെ സെഞ്ച്വറിയും തികച്ചിരുന്നു. സ്‌കോർ 236ൽ നിൽക്കെയാണ് രോഹിത് പുറത്താകുന്നത്. 256 പന്തിൽ പതിനാല് ഫോറും ഒരു സിക്‌സും സഹിതം 127 റൺസാണ് ഹിറ്റ്മാന്റെ സമ്പാദ്യം. രോഹിത് പുറത്തായതിന് തൊട്ടുപിന്നാലെ 61 റൺസെടുത്ത പൂജാരയും വീണതോടെ ഇന്ത്യ 3ന് 237 റൺസ് എന്ന നിലയിലായി

എന്നാൽ കൂടുതൽ പരുക്കുകൾ സംഭവിക്കാതെ കോഹ്ലിയും ജഡേജയും മൂന്നാം ദിനം അവസാനിപ്പിക്കുകയായിരുന്നു. കോഹ്ലി 22 റൺസുമായും ജഡേജ 9 റൺസുമായും ക്രീസിലുണ്ട്. മൂന്നാം ദിനമായ ഇന്ന് രണ്ട് സെഷനുകളെങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമമാകും ഇന്ത്യ നടത്തുക. 250ന് മുകളിൽ ലീഡ് നേടുകയാണെങ്കിൽ വിജയസാധ്യതയും കൂടുതലാണ്.