8000 റൺസ് തികച്ച് വിരാട് കോഹ്ലി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി

 

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി അർധ സെഞ്ച്വറി നേടി. നൂറാം ടെസ്റ്റ് മത്സരം കളിച്ച കോഹ്ലി 45 റൺസിന് പുറത്തായി

മികച്ച തുടക്കമാണ് രോഹിതും മായങ്കും ഇന്ത്യക്ക് നൽകിയത്. 9.5 ഓവറിൽ 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത് പുറത്തായത്. 28 പന്തിൽ ആറ് ഫോറുകൾ സഹിതം 29 റൺസാണ് രോഹിത് എടുത്തത്. 33 റൺസെടുത്ത മായങ്ക് തൊട്ടുപിന്നാലെ വീണു

ഹനുമ വിഹാരിക്കൊപ്പം കോഹ്ലി ചേർന്നതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. സ്‌കോർ 170ൽ നിൽക്കെയാണ് മികച്ച രീതിയിൽ കളിച്ചുവന്ന കോഹ്ലി പുറത്താകുന്നത്. 76 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 45 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. വിഹാരി 128 പന്തിൽ 58 റൺസുമായി മടങ്ങി

നിലവിൽ 23 റൺസുമായി റിഷഭ് പന്തും 26 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ. ഇതിനിടെ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് മറികടന്നു. ടെസ്റ്റിൽ അദ്ദേഹം 8000 റൺസ് തികച്ചു. 38 റൺസ് എടുത്തു നിൽക്കുമ്പോഴാണ് കോഹ്ലിയെ തേടി ഈ നേട്ടമെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി.