അതി വിചിത്ര ട്വീറ്റുകളുമായി രോഹിത് ശർമ; കിളി പോയത് സഹതാരങ്ങൾക്കും ആരാധകർക്കും

 

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ട്വീറ്റുകളാണ് കായിക ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം. പരസ്പരവിരുദ്ധമായ എന്തെക്കെയൊ ആണ് രോഹിതിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നും വരുന്നത്. ഇന്നലെ രാവിലെ മുതലാണ് വിചിത്രമായ ട്വീറ്റുകൾ രോഹിതിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇതോടെ ആരാധകർക്കും സഹതാരങ്ങൾക്കും കിളി പോയ അവസ്ഥയുമായി

ഇന്നലെ രാവിലെ 11 മണിക്ക് രോഹിതിന്റെ ആദ്യ ട്വീറ്റ് വരുന്നു. എനിക്ക് നാണയങ്ങൾ കൊണ്ട് ടോസിടുന്നതാണ് ഇഷ്ടം, പ്രത്യേകിച്ച് ആ നാണയങ്ങൾ എന്റെ ഇടുപ്പിൽ വീഴുമ്പോൾ എന്നായിരുന്നു ട്വീറ്റ്. ഇതോടെ ആരാധകർ അമ്പരപ്പിലായി. ചിലർ അഭിപ്രായപ്പെട്ടു ഏതോ കമ്പനിയുടെ പ്രമോഷന്റെ ഭാഗമായുള്ള ട്വീറ്റ് ആണെന്ന്. അങ്ങനെ ചർച്ചകൾ മുറുകുമ്പോഴാണ് അടുത്ത ട്വീറ്റ് പ്രത്യക്ഷപ്പെടുന്നത്

ഉച്ചയ്ക്ക് 2 മണിയോടെയാണ് രണ്ടാം ട്വീറ്റ് വന്നത്. നിങ്ങൾക്കറിയാമോ തേനീച്ചകളുടെ മൂളിച്ച കേൾക്കുന്ന തേനീച്ചക്കൂടുകളാണ് മഹത്തായ ബോക്‌സിംഗ് ബാഗുകൾ ഉണ്ടാക്കുന്നത് എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഇതോടെ ആരാധകർ ആകെ വട്ടായി. ചിലർ സംഭവമെന്താണെന്ന് രോഹിതിനോട് ചോദിക്കുന്നതും കാണാം. പക്ഷേ അധികം വൈകാതെ മൂന്നാമത്തെ ട്വീറ്റും വന്നു

ക്രിക്കറ്റ് ബോളുകൾ ഭക്ഷ്യയോഗ്യമാണ് അല്ലെ എന്നായിരുന്നു അടുത്ത ട്വീറ്റ്. ഇതോടെ സഹതാരങ്ങളും അമ്പരപ്പിലായി. എന്താണ് ഭയ്യാ എല്ലാം ഒ കെ അല്ലേ എന്ന് യുസ് വേന്ദ്ര ചാഹൽ അന്വേഷിച്ചു. ക്രിക്കറ്റ് കമന്റേറ്റർ ആയിരുന്ന ഹർഷ ഭോഗ്ലെയും രോഹിതിനോട് കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു

എന്താണിത് എല്ലാം ഒകെ അല്ലേ ക്യാപ്റ്റൻ. ഈ ട്വീറ്റിന്റെ വാലും തലയും കണ്ടുപിടിക്കാനാകുന്നില്ലല്ലോ എന്നായിരുന്നു ഹർഷയുടെ ചോദ്യം. സംഭവം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും രോഹിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന സംശയവും ഉയരുന്നുണ്ട്.