ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം ബ്രഷിൽ പുരട്ടി പല്ലുതേച്ച 17കാരിക്ക് ദാരുണാന്ത്യം. മംഗലാപുരം സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിലെ ശ്രവ്യയാണ് മരിച്ചത്. അബദ്ധം മനസ്സിലാക്കി അപ്പോൾ തന്നെ വെള്ളം ഉപയോഗിച്ച് ശ്രവ്യ വായ കഴുകിയിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വയറുവേദന അനുഭവപ്പെടുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്
കുളിമുറിക്ക് സമീപത്തെ ജനാലക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇവിടെ തന്നെ എലിവിഷത്തിന്റെ പേസ്റ്റും വെച്ചിരുന്നു. ഇതാണ് ശ്രവ്യക്ക് പെട്ടെന്ന് മാറിപോയത്. പുത്തൂർ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ ശ്രവ്യ ഹിജാബ് വിവാദത്തെ തുടർന്ന് അവധിയായതിനാൽ വീട്ടിലായിരുന്നു.