അടുത്തിടെ ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ബിസിസിഐ ഇക്കാര്യത്തില്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ്. രോഹിത് പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പുറത്തായിട്ടില്ലെന്ന് ബിസിസിഐ പറയുന്നു. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഐപിഎല്ലില്‍ ഇപ്പോള്‍ കളിക്കാനിറങ്ങാത്തത്. ഞായറാഴ്ച ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരിശോധനയ്ക്ക് ശേഷം പരിക്കിന്റെ സ്ഥിതി വിലയിരുത്തി രോഹിതിനെ ഓസ്‌ട്രേലിയക്കതിരായ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കും. പരിക്ക് ഉടന്‍ ഭേദമാകുമോ അതോ അദ്ദേഹത്തിന് ഇനിയും വിശ്രമം ആവശ്യമുണ്ടോ എന്ന കാര്യങ്ങളൊക്കെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ടീമിനെ തിരഞ്ഞെടുക്കുന്ന ദിവസത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ രോഹിത് കളിക്കാനുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും നിതിന്‍ പട്ടേല്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കൈമാറിയിരുന്നു. എന്നാല്‍ ബിസിസിഐ ഇത്രയൊക്കെ പറയുന്നുണ്ടെങ്കിലും രോഹിത് ഓസീസിനെതിരെ കളിക്കില്ലെന്നാണ് മെഡിക്കല്‍ ടീം നല്‍കുന്ന സൂചന. നവംബര്‍ 10ന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് ശേഷം 12ന് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തും.