റണ്‍സ്, സിക്‌സര്‍, ക്യാച്ച്; രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍, എല്ലാം നേടുമോ

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ വമ്പന്‍ നാഴികക്കല്ലുകളാണ് മുംബൈ ഇന്ത്യന്‍സ് നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഇന്നത്തെ കളിയില്‍ 90 റണ്‍സെടുത്താല്‍ ഹിറ്റ്മാന്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമാവും.

 

ടൂര്‍ണമെന്റില്‍ 5000 റണ്‍സ് തികച്ച മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന എന്നിവര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

 

5000 റണ്‍സ് ക്ലബ്ബ്
നിലവില്‍ 4910 റണ്‍സുമായാണ് രോഹിത് ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. കെകെആറിനെതിരായ ഇന്നത്തെ കളിയില്‍ തന്നെ കോലിക്കും റെനയ്ക്കുമൊപ്പം 5000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്നത് സ്വപ്‌നം കാണുകയാണ് ഹിറ്റ്മാന്‍.
ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍ കോലിയാണ്. 178 മല്‍സരങ്ങളില്‍ നിന്നും 37.68 ശരാശരിയില്‍ 5426 റണ്‍സുമായാണ് കോലി തലപ്പത്ത് നില്‍ക്കുന്നത്. 193 മല്‍സരങ്ങളില്‍ നിന്നും 33.34 ശരാശരിയില്‍ 5368 റണ്‍സാണ് രണ്ടാമതുള്ള റെയ്‌നയുടെ സമ്പാദ്യം.

 

ആറു സിക്‌സര്‍ കൂടി
മറ്റൊരു നാഴികക്കല്ല് കൂടി കെകെആറിനെതിരേ രോഹിത് പിന്നിടേക്കും. ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടിയ നാലാമത്തെ താരമെന്ന റെക്കോര്‍ഡാണിത്. ഇതിനു വേണ്ടി മുംബൈ നായകന് ആറു സിക്‌സറുകള്‍ കൂടി മതി. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ (326 സിക്‌സര്‍), ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് (214), സിഎസ്‌കെ ഇതിഹാസം എംഎസ് ധോണി (209) എന്നിവരാണ് സിക്‌സര്‍ വേട്ടയില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്.

 

ക്യാച്ചുകളില്‍ രണ്ടാംസ്ഥാനം
ഇതു കൊണ്ടും തീര്‍ന്നില്ല ഫീല്‍ഡിങിലും രോഹിത് റെക്കോര്‍ഡിന് അരികിലാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടമത്തെ ഔട്ട്ഫീല്‍ഡറെന്ന റെക്കോര്‍ഡും ഹിറ്റ്മാനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 83 ക്യാച്ചുകളാണ് രോഹിത്തിന്റെ പേരിലുള്ളത്.

 

ഒരു ക്യാച്ച് മാത്രം മുന്നിലായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സാണ് തൊട്ടുമുന്നിലുള്ളത്. ഇന്നു രണ്ടു ക്യാച്ചുകളെടുത്താല്‍ എബിഡിയെ മറികടന്ന് രോഹിത് രണ്ടാംസ്ഥാനത്തേക്കുയരും. സിഎസ്‌കെയുടെ സുരേഷ് റെയ്‌നയുടെ പേരിലാണ് ഐപിഎല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡ്. റെയ്‌ന 102 ക്യാച്ചുകളുമായാണ് ഒന്നാംസ്ഥാനത്തുള്ളത്.