ഇ‑സഞ്ജീവനി മരുന്നുകളും പരിശോധനകളും ഇനിമുതൽ സൗജന്യം

കോവിഡ് പശ്ചാത്തലത്തിൽ ഒ പി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ പകരം ഏർപ്പെടുത്തിയ സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ ഇനി മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. കുറിപ്പടി അനുസരിച്ച് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുകയും പരിശോധനകൾ സ്വകാര്യ ലാബുകളിൽ നടത്തുകയുമായിരുന്നു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താം. നേരത്തെ ടെലി മെഡിസിൻ സേവനങ്ങൾ മാത്രമായിരുന്നു സൗജന്യം. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ നിന്നും ലഭ്യമാക്കി തുടങ്ങിയത് സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.

 

ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കണമെന്നും തികച്ചും സൗജന്യമായ ഇ- സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. സേവനം ആരംഭിച്ച് ചെറിയ കാലയളവിൽ തന്നെ രാജ്യത്ത് മാതൃകയായിരിക്കുകയാണ് ഇ-സഞ്ജീവനി. ഇതുവരെ 49,000 പേരാണ് സംസ്ഥാനത്തെ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പതിവ് ഒ പി ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ- സംവിധാനം കൂടുതലായി ആശ്രയിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ മെഡിസിന്‍ ഒ പി. ശിശു-നവജാതശിശു വിഭാഗം ഒപി തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ പി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ജനങ്ങള്‍ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറല്‍ ഒപി സേവനങ്ങള്‍ക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്.

 

ഇ സഞ്ജീവനി സേവനങ്ങൾ ഫീൽഡ് തല ആരോഗ്യപ്രവർത്തകർ, വോളന്റിയർമാർ എന്നിവരിലൂടെ എത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായിക്കഴിഞ്ഞു. ഭവനസന്ദർശനവേളകളിൽ സാഹചര്യങ്ങൾ മനസ്സിലാക്കി ഇ സഞ്ജീവനി സേവനങ്ങൾ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ നൽകും. https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ ഉണ്ടെങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം. ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാം. ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാം.