വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡല പര്യടനത്തിനായി വീണ്ടും കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നേരെ മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തു കൊണ്ടാണ് ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമിട്ടത്.
യോഗത്തിന് പിന്നാലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ഇരകളായ സഹോദരിമാര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഉച്ചയ്ക്ക് ശേഷം മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി വഴി വയനാട്ടിലേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി എം പി ചൊവ്വാഴ്ച രാവിലെ 10.30ന് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന കോവിഡ് പ്രതിരോധ യോഗത്തിലും 11.30ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല വികസന കോഓര്‍ഡിനേഷന്‍ യോഗത്തിലും പങ്കെടുക്കും.
21ന് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് ശേഷം 3.20ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങുന്ന തരത്തിലാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രത്യേക സ്വീകരണ പരിപാടികള്‍ ഉള്‍പ്പെടെ ഒഴിവാക്കിയാണ് ഇത്തവണ എംപിയുടെ മണ്ഡല പര്യടനം. വയനാട് എംപിക്ക് നിവേദനം നല്‍കാനും മറ്റുമായി എത്തുന്നവര്‍ കോവിഡ് ജാഗ്രത പാലിക്കണമെന്നും എ.പി.അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.