റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്ന സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അശൈഖ് നന്ദി അറിയിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.