ന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റാലികളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണെന്ന് കേന്ദ്രം. കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ പോൾ ആണ് ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ഉത്തരവാദിത്വം നേരത്തെ കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും ബാധകമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ചാണെങ്കിൽ, അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്ന് വി.കെ പോൾ പറഞ്ഞു.
എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം മാത്രമാണ് തങ്ങൾക്ക് ഇടപെടാൻ സാധിക്കൂ എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. അതുവരെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശിപാർശകൾ പ്രകാരം അവർ പ്രവർത്തിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.