തിരുവനന്തപുരം: ഈസ്റ്റർ വിഷു ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷൽ അരി വിതരണവും ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഹൈക്കോടതിയുടെ അനുമതി കിട്ടിയ സാഹചര്യത്തിലാണ് വിതരണം തുടങ്ങാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് റേഷൻ കടകൾ വഴി സർക്കാർ സ്പെഷൽ അരി നൽകുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ്കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സർക്കാരിന് അരിവിതരണം തുടരാമെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടത്.
അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങൾക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ മാസം 10 കിലോ അരി നൽകുന്ന നടപടിയാണ് കമ്മീഷൻ തടഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റിൽ അരിവിതരണം നിർത്തിയ സർക്കാർ വീണ്ടും മാർച്ചിൽ പുനരാരംഭിച്ചിരുന്നു. ഈ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ അരി വിതരണം തടഞ്ഞത്. എന്നാൽ തുടർപ്രക്രിയയുടെ ഭാഗമാണിതെന്നും അരി നൽകുമെന്നത് ബജറ്റിലെ പ്രഖ്യാപനമാണെന്നും സർക്കാർ വാദിച്ചു.
അങ്ങനെയെങ്കിൽ എന്തുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റിൽ നിർത്തിയെന്നായിരുന്നു കമ്മീഷന്റെ ചോദ്യം. സർക്കാരിന്റേത് ചട്ടലംഘനമാണെന്നും കമ്മീഷൻ ഹൈക്കോടതിയിൽ നിലപാടെടുത്തു. എന്നാൽ സർക്കാർ വാദം മുഖവിലയ്ക്കെടുത്ത് അരി വിതരണം തുടരാൻ കോടതി അനുമതി നൽകുകയായിരുന്നു.