ന്യൂ ഡൽഹി: ഇന്ത്യൻ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിൽ ഒന്നാമനായി സാംസങ്. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയാണ് സാംസങ്, ഷവോമിയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 24 ശതമാനമാണ് സാംസങിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഷവോമിക്കിത് 23 ശതമാനം. 2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമായത്. വിതരണ ശൃംഖലയില്‍ വരുത്തിയ മാറ്റങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലെ ഇടപെടലും പുതിയ ഉല്‍പ്പന്നങ്ങൾ പുറത്തിറക്കിയതുമാണ് സാംസങിനെ വന്‍ നേട്ടത്തിന് അർഹനാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഷവോമിയുടെ വിതരണ ശൃംഖലയില്‍ വലിയ തടസം നേരിട്ടിരുന്നു.
അതേസമയം സാംസങിന്റെ ഈ മുന്നേറ്റം താൽകാലികമെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ചിലെ വിദഗ്ദ്ധ ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് കമ്പനിയായ ഷവോമി പൂര്‍വാധികം ശക്തിയോടെ ഒന്നാം സ്ഥാനം തിരികെ പിടിക്കുമെന്നും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ തന്നെ ഈ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ജൂണ്‍ പാദത്തില്‍ ശക്തമായിരുന്ന ഇന്ത്യാക്കാരുടെ ചൈനാ വിരുദ്ധ വികാരത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്, ഇപ്പോഴിത് മുന്‍പത്തെ പോലെ ശക്തമല്ല. അതുകൊണ്ട് തന്നെ ഇന്ത്യാക്കാര്‍ ചൈനീസ് ബ്രാന്റ് ഫോണുകളെ ആശ്രയിക്കുന്നുവെന്നും കൗണ്ടര്‍പോയിന്റ് പറയുന്നു.