അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യയുടെ ആക്രമണം ഭയന്ന്; പാക് സൈനിക മേധാവിയുടെ മുട്ടിടിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന് പറഞ്ഞതോടെ പാക് സൈനിക മേധാവി ഭയന്നുവിറച്ചതായി വെളിപ്പെടുത്തല്‍. വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇക്കാര്യം പറഞ്ഞതോടെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്ന് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിൽ എംപി ആയാസ് സാദിഖ് പറഞ്ഞു.

 

2019 ഫ്രെബ്രുവരി അവസാനത്തോടെ ഇന്ത്യ-പാക് വ്യോമസേനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ പാകിസ്ഥാന്റെ പിടിയിലായത്. പിപിപി, പിഎംഎൽ-എന്‍ പാര്‍ലമെന്ററി നേതാക്കള്‍, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി ഖുറേഷി നടത്തിയ അടിയന്തര യോഗത്തിലാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുന്ന കാര്യം തീരുമാനിച്ചതെന്ന് ആയാസ് സാദിഖ് പറഞ്ഞു.

 

വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്നായിരുന്നു മന്ത്രി യോഗത്തെ അറിയിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചതായും മുറിയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ ജനറല്‍ ജാവേദ് ബജ്വ ഭയചകിതനായി കാണപ്പെട്ടതായും ആയാസ് സാദിഖ് കൂട്ടിച്ചേര്‍ത്തു. മാർച്ച് ഒന്നിനാണ് അഠാരി അതിര്‍ത്തി വഴി അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിത്.