ചെന്നൈ: നടൻ വിജയ് യുടെ പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു. ഇന്ന് മദ്രാസ് ഹൈക്കോടതിയിലാണ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്.
മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭ ശേഖർ, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുൾപ്പടെയുള്ള പതിനൊന്നു പേർ ചേർന്ന് തന്റെ പേരിലോ തന്റെ ഫാൻസ് ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് പാർട്ടി രൂപീകരണത്തിൽ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖർ കോടതിയെ അറിയിച്ചത്.
2020 ൽ നടൻ വിജയുയുടെ പേരിൽ അദ്ദേഹത്തിന്റെ പിതാവ് പ്രശസ്ത സംവിധായകൻ എസ്എ ചന്ദ്രശേഖർ ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. എസ്എ ചന്ദ്രശേഖർ തന്റെ മകന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തെ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചതായി എല്ലാവരും കരുതി. എന്നാൽ, തന്റെ പിതാവ് സ്ഥാപിച്ച അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി. പാർട്ടിയിൽ ചേരരുതെന്ന് വിജയ് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.