ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ വായ്പകളില്‍ മോറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് ഒരാഴ്ച കൂടി സമയമനുവദിച്ചു. സപ്തംബര്‍ 28 എന്ന സമയപരിധി നീട്ടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി സമയപരിധി ഒക്ടോബര്‍ 5ലേക്ക് മാറ്റിയത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത്് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവില്‍ പലിശ ഈടാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് സമയപരിധി നീട്ടിനല്‍കി ഉത്തരവിട്ടത്.
ചില കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിന് അതീതമാണ്- സര്‍ക്കാരിന് പദ്ധതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രത്തെയും റിസര്‍വ് ബാങ്കിനെയും പ്രതിനിധീകരിച്ച് സുപ്രിംകോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.