പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

ന്യൂഡൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം ഞായറാഴ്ച തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലം സന്ദർശിച്ചു. മുൻകൂർ അറിയിപ്പുകളും സുരക്ഷാ സന്നാഹങ്ങളുമൊന്നുമില്ലാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്.

രാത്രി 8:45 ന് നിർമാണ സ്ഥലത്തെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം ചെലവഴിക്കുകയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ നില നേരിട്ട് പരിശോധിക്കുകയും ചെയ്തു. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണ് പുതിയ കെട്ടിടം.

അടുത്ത വർഷം പകുതിയോടെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുമായി അദ്ദേഹം സംസാരിച്ചു. 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം 2022 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പ്രകാരം 2022 ലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിസ്തീർണ്ണം 64,500 ചതുരശ്ര മീറ്ററാണ്.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം, പാർലമെന്റ് അംഗങ്ങൾക്കുള്ള ഒരു വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയും വിപുലമായ ഭരണഘടന ഹാളും ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ, ലോകസഭ ചേംബറിൽ 888 അംഗങ്ങൾക്കുള്ള ഇരിപ്പടങ്ങളും, രാജ്യസഭയിൽ 384 അംഗങ്ങൾക്കുള്ള ഇരിപ്പടങ്ങളും ഉണ്ടായിരിക്കും.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിനും സെന്റർ വിസ്റ്റ അവന്യൂവിന്റെ പുനർവികസനത്തിനുമായി സർക്കാർ ഇതുവരെ 238 കോടിയും 63 കോടിയും ചെലവഴിച്ചു. കൂടാതെ, രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന സെൻട്രൽ വിസ്റ്റ അവന്യൂവിന്റെ പുനർവികസനത്തിന് 608 കോടി രൂപ ചെലവാകുമെന്നും പദ്ധതി ഈ വർഷം നവംബറിൽ പൂർത്തിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ പറയുന്നതനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ ഈ രണ്ട് പദ്ധതികൾക്കായി പ്രതീക്ഷിക്കുന്ന ചെലവ് 1,289 കോടി രൂപയാണ്. 10 പുതിയ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ നിർമ്മാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി സർക്കാർ ഓഫീസുകളുടെ വാടകയായി 1,000 കോടി രൂപ ലാഭിക്കാൻ ഇടയാക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു.