കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പദ്ധതിയിലൂടെ ധനസഹായം നൽകാനുള്ള നീക്കം പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ധനസഹായം നൽകാൻ സാധിക്കില്ലെന്ന നിലപാടായിരുന്നു മുമ്പ് കേന്ദ്രത്തിന്.
മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതി ആലോചിക്കുന്നതായി കേന്ദ്രം അറിയിച്ചു. ഏപ്രിൽ മുതൽ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗം കാരണം വൈകുകയായിരുന്നുവെന്ന് സത്യാവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു
ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള 4 ലക്ഷം രൂപ ധനസഹായം കുടുംബങ്ങൾക്ക് നൽകണമെന്ന ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുമെന്നും ഡിസംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും കേന്ദ്രം പറഞ്ഞു.