ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവയ്ക്ക് പിഴ

ഡൽഹിഃ ടെലികോം റെഗുലേറ്ററായ ട്രായ് ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി. ഇവരുടെ നെറ്റ്വര്‍ക്കുകളിലെ ഫിഷിംഗ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ട്രായ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഉചിതമായ രീതിയില്‍ പ്രതികരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.

ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ രക്ഷാകര്‍തൃ കമ്പനി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍), ടാറ്റ ടെലി സര്‍വീസസ് എന്നിവയ്ക്കും പിഴ ചുമത്തി. മൊബൈല്‍ നെറ്റ്വര്‍ക്കുകളിലൂടെ ഫിഷിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നവരെ തടയാതിരുന്നതിന് ടെല്‍കോം, ട്രായ് കേന്ദ്രം എന്നിവയ്ക്കെതിരെ ജൂണില്‍ വണ്‍ 97 ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

ഡല്‍ഹി ഹൈക്കോടതിയില്‍ ട്രായ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിഎസ്എന്‍എല്ലിനാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് പിഴ. വ്യാജ സന്ദേശങ്ങളും ഫിഷിംഗ് ശ്രമങ്ങളും ഏകദേശം 60-70% ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലൂടെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ നെറ്റ്വര്‍ക്കുകളില്‍ ഫിഷിംഗ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മതിയായ സമയം നല്‍കാതെ ട്രായ്ക്ക് പിഴ ചുമത്താന്‍ കഴിയില്ല. യുസിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ബിഎസ്എന്‍എല്ലിന് രണ്ടുതവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ മറ്റ് ടെല്‍കോം കമ്പനികളോട് ഒക്ടോബര്‍ 1നാണ് കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ ടെലികോം കമ്പനികള്‍ പരാജയപ്പെട്ടതാണ് പിഴ ലഭിക്കാന്‍ കാരണം.

ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. ഈ പിഴകളിലൂടെ, ട്രായ് ടെല്‍കോം കമ്പനികള്‍ക്ക് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്ന്, അഭിഭാഷകന്‍ പറഞ്ഞു. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കെതിരെ പേടിഎം 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ജൂണില്‍ സമര്‍പ്പിച്ചത്.